Wednesday, 11 February 2015

ഒരു തിരിച്ചുവരവിൽ

കുറച്ചു നാളുകളായി ബ്ലോഗ്‌ എഴുത്തിൽ നിന്ന് മാറി നില്ക്കുകയായിരുന്നു . കാരണങ്ങൾ പലതാണ്‌ . ദൂരെ സ്ഥലത്തുള്ള പഠനം , അവിടെ ബ്ലോഗ്‌ എഴുത്തിനായി ഇന്റർനെറ്റ്‌ ലഭിക്കാനുള്ള ബുധിമുട്ട്, അത് കഴിഞ്ഞപ്പോൾ ജോലിക്ക് വേണ്ടിയുള്ള ഒട്ടപാച്ചിൽ, ജോലി കിട്ടിയപ്പോൾ ആ  ക്ഷീണം, കുന്തം കുടച്ചക്രം അങ്ങനെ അങ്ങനെ പോകുന്നു ആ ലിസ്റ്റ്..   ഇപ്പോൾ എന്തോ പുതിയൊരു ബ്ലോഗുമായി മടങ്ങി വരാൻ തോന്നി. ആ തോന്നൽ വരാൻ ഒരു 7 വർഷം സമയം എടുത്തു എന്ന് മാത്രം.

പുതിയ ബ്ലോഗ്‌ തുടങ്ങിയപ്പോൾ ആദ്യം ചെയ്തത് പണ്ട് എൻറെ കുട്ടി ബ്ലോഗുകൾക്ക്  കുറിപ്പുകൾ(comments ) അയച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന  ബ്ലോഗ്‌ സുഹൃത്തുക്കളുടെ ബ്ലോഗുകൾ തപ്പി തുറക്കുകയായിരുന്നു. നേരിട്ടറിയില്ലെങ്കിലും ബ്ലോഗുകളിൽ കൂടെ പരിചയപ്പെട്ട  കരിം മാഷ്‌ , നിരക്ഷരൻ, വക്കാരിമഷ്ടാ,സെനു പൂവത്തൂർ , അരീക്കോടൻ  എന്നിങ്ങനെ പലരുടെയും     ബ്ലോഗുകളിൽ കൂടി ഒന്ന് കയറി ഇറങ്ങിയപ്പോൾ  എന്തോ ഒരു സുഖം. പക്ഷെ ഇവരിൽ മിക്കവരും  ഒരു 2010/ 11 നു ശേഷം ഒന്നും തന്നെ എഴുതിയിട്ടില്ല. പല ബ്ലോഗുകളും ഉറങ്ങികിടക്കുന്നു.എഴുതുന്നവർ തന്നെ ആകട്ടെ,എണ്ണാൻ  കൈ വിരലുകൾ   തന്നെ അധികം എന്ന വിധത്തിലാണു എഴുതുന്നത്‌. വർഷത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ടു . അങ്ങേയറ്റം പോയാൽ  നാല് .ആകെ ഒരു ആളനക്കം കണ്ടത് നിരക്ഷരന്റെ കഥാപുത്തകത്തിലാണ്.

 ആലോചിച്ചപ്പോൾ മനസ്സിലായി. തുടക്കത്തിൽ വളരെ ചുരുക്കം പേർ മാത്രമുണ്ടായിരുന്ന ബൂലോകം ഇന്ന് വളർന്നു പന്തലിച്ചു ഒരു വട വൃക്ഷമായി മാറിയിരിക്കുന്നു. ഈ വൃക്ഷത്തിൻറെ ഒരു കുഞ്ഞിലയിൽ സ്ഥാനം പിടിക്കാൻ  നല്ല അധ്വാനം തന്നെ വേണം.അപ്പോൾപ്പിന്നെ   എന്റെ ഈ ലോകം വിടരും മുൻപേ കൊഴിഞ്ഞ പൂവായി തീരുമോ എന്നതാണ്‌ എൻറെ ഇപ്പോഴത്തെ ഭയം. എന്തോ! കണ്ടറിയാം