Wednesday, 11 February 2015

ഒരു തിരിച്ചുവരവിൽ

കുറച്ചു നാളുകളായി ബ്ലോഗ്‌ എഴുത്തിൽ നിന്ന് മാറി നില്ക്കുകയായിരുന്നു . കാരണങ്ങൾ പലതാണ്‌ . ദൂരെ സ്ഥലത്തുള്ള പഠനം , അവിടെ ബ്ലോഗ്‌ എഴുത്തിനായി ഇന്റർനെറ്റ്‌ ലഭിക്കാനുള്ള ബുധിമുട്ട്, അത് കഴിഞ്ഞപ്പോൾ ജോലിക്ക് വേണ്ടിയുള്ള ഒട്ടപാച്ചിൽ, ജോലി കിട്ടിയപ്പോൾ ആ  ക്ഷീണം, കുന്തം കുടച്ചക്രം അങ്ങനെ അങ്ങനെ പോകുന്നു ആ ലിസ്റ്റ്..   ഇപ്പോൾ എന്തോ പുതിയൊരു ബ്ലോഗുമായി മടങ്ങി വരാൻ തോന്നി. ആ തോന്നൽ വരാൻ ഒരു 7 വർഷം സമയം എടുത്തു എന്ന് മാത്രം.

പുതിയ ബ്ലോഗ്‌ തുടങ്ങിയപ്പോൾ ആദ്യം ചെയ്തത് പണ്ട് എൻറെ കുട്ടി ബ്ലോഗുകൾക്ക്  കുറിപ്പുകൾ(comments ) അയച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന  ബ്ലോഗ്‌ സുഹൃത്തുക്കളുടെ ബ്ലോഗുകൾ തപ്പി തുറക്കുകയായിരുന്നു. നേരിട്ടറിയില്ലെങ്കിലും ബ്ലോഗുകളിൽ കൂടെ പരിചയപ്പെട്ട  കരിം മാഷ്‌ , നിരക്ഷരൻ, വക്കാരിമഷ്ടാ,സെനു പൂവത്തൂർ , അരീക്കോടൻ  എന്നിങ്ങനെ പലരുടെയും     ബ്ലോഗുകളിൽ കൂടി ഒന്ന് കയറി ഇറങ്ങിയപ്പോൾ  എന്തോ ഒരു സുഖം. പക്ഷെ ഇവരിൽ മിക്കവരും  ഒരു 2010/ 11 നു ശേഷം ഒന്നും തന്നെ എഴുതിയിട്ടില്ല. പല ബ്ലോഗുകളും ഉറങ്ങികിടക്കുന്നു.എഴുതുന്നവർ തന്നെ ആകട്ടെ,എണ്ണാൻ  കൈ വിരലുകൾ   തന്നെ അധികം എന്ന വിധത്തിലാണു എഴുതുന്നത്‌. വർഷത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ടു . അങ്ങേയറ്റം പോയാൽ  നാല് .ആകെ ഒരു ആളനക്കം കണ്ടത് നിരക്ഷരന്റെ കഥാപുത്തകത്തിലാണ്.

 ആലോചിച്ചപ്പോൾ മനസ്സിലായി. തുടക്കത്തിൽ വളരെ ചുരുക്കം പേർ മാത്രമുണ്ടായിരുന്ന ബൂലോകം ഇന്ന് വളർന്നു പന്തലിച്ചു ഒരു വട വൃക്ഷമായി മാറിയിരിക്കുന്നു. ഈ വൃക്ഷത്തിൻറെ ഒരു കുഞ്ഞിലയിൽ സ്ഥാനം പിടിക്കാൻ  നല്ല അധ്വാനം തന്നെ വേണം.അപ്പോൾപ്പിന്നെ   എന്റെ ഈ ലോകം വിടരും മുൻപേ കൊഴിഞ്ഞ പൂവായി തീരുമോ എന്നതാണ്‌ എൻറെ ഇപ്പോഴത്തെ ഭയം. എന്തോ! കണ്ടറിയാം 

Tuesday, 10 February 2015

ഉത്തരം കിട്ടാത്ത ചോദ്യം

 ഞാൻ ഒറ്റക്കാകുമ്പോൾ  മനസ്സിൽ പല ചിന്തകളും കടന്നു വരാറുണ്ട് . അതിൽ സഭ്യമായവയുണ്ട് , അല്ലാത്തവയുമുണ്ട് . എന്നാൽ അവയൊന്നും തന്നെ എന്നെ വകവെക്കാറില്ല .  തോന്നുമ്പോൾ വരുന്നു,തോന്നുമ്പോൾ പോകുന്നു.അവ എന്തു കൊണ്ട് എന്റെ വരുതിക്കു  നിൽ ക്കുന്നില്ല എന്നത്‌  ഒരു ചോദ്യം തന്നെയാണ് . ഞാൻ എന്നോട് തന്നെ ചോദിക്കുന്ന ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം.

Saturday, 7 February 2015

സിന്ദൂരം

ഒരുപാടു നാളായി ഞാൻ ആഗ്രഹിക്കുന്നു
ആ മണ്‍ ചെപ്പൊന്നു തുറന്നു കാണാൻ
എന്തൊക്കെയാണോ അതിനുള്ളിലിരിപ്പതു
എൻ ആകാംക്ഷ വളര്ന്നുവേ വാനോളം
ഒരുനാൾ ഞാൻ അതിൽ കൈവച്ചു ;എന്നാൽ
'എന്തിതെന്ന' ശബ്ദം കേട്ടു ഞാൻ ഞെട്ടി  
നില്പതെൻ മുൻപിൽ അമ്മ താൻ ക്രുദ്ധയായ്
എൻ കണ്ണു നിറഞ്ഞു , കണ്ഠം ഇടറി
പിന്നിടൊരിക്കലും തൊട്ടില്ല ഞാൻ അതിൽ
എങ്കിലും ഒരു നാൾ  അറിഞ്ഞു, അതെൻ
അമ്മ തൻ കൊഴിഞ്ഞ ജീവിതത്തിൻ
ബാക്കി പത്രമാം സിന്ദൂരമത്രേ !!